ഒരു മരുഭൂമി അനുഭവം

നമ്മളിൽ പലരും പിന്തുടരുന്ന സെമിറ്റിക് മതങ്ങളുടെ ഉല്പത്തിയിലും ഗ്രന്ഥങ്ങളിലും എല്ലാം മരുഭൂമികൾക്ക് വലിയ സ്ഥാനമുണ്ട്. ജ്ഞാനസ്നാനത്തിന് ശേഷം നാൽപ്പത് ദിവസം മരുഭൂമിയിൽ ഉപവസിച്ച് ആത്മീയമായ കരുത്താർജ്ജിച്ച് വരുന്ന ക്രിസ്തുവിനെ ബൈബിളിൽ കാണാം. ഇസ്ളാമിലും യഹൂദമതത്തിലും എല്ലാം ഇത്തരം കഥകളുണ്ട്. കഠിനമായ തപസിൻറെയും പ്രായശ്ചിത്തത്തിൻറെയും ആന്തരിക ഉണർവിൻറെയും ഒക്കെ ഇടങ്ങളായിട്ടാണ് മരുഭൂമികൾ അടയാളപ്പെടുത്തപ്പെടുന്നത്. അങ്ങനെ ഒരു മരുഭൂമി അനുഭവത്തിന് വേണ്ടിയാണ് ജയ്സാൽമീർ പട്ടണത്തിൽ നിന്നും നാൽപ്പത് കിലോമീറ്ററോളം അകലെയുള്ള സാം സാൻഡ് ഡ്യൂൺസ് ലക്ഷ്യമാക്കി പുറപ്പെട്ടത്. താർ മരുഭൂമി തന്നെ. അവിടെപ്പോയി ഒരു സൂര്യാസ്തമനം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജയ്സാൽമീറിൽ നിന്ന് പുറപ്പെടാൻ വൈകിയതിനാൽ അത് നടന്നില്ല. ഉദയവും അസ്തമയവും ആണത്രേ മരുഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ. ഇനി ഉദയം കണ്ട് തിരിച്ചുപോരാം.

പോകുന്ന വഴിയിൽ ഏക്കറുകളോളം മരുക്കാറ്റിൽ നിന്നും വൈദ്യുതി ഉണ്ടാക്കാനായി സ്ഥാപിച്ചിരിക്കുന്ന കാറ്റാടിയന്ത്രങ്ങളാണ്. അവയിൽ ഘടിപ്പിച്ചിട്ടുള്ള ചുവന്ന ബൾബുകൾ ഇരുട്ടിൽ റോഡിനിരുവശവും തീക്കനലുകൾ പോലെ തിളങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. ജയ്സാൽമീറിൽ ഞങ്ങൾ താമസിച്ച ഹോട്ടൽ തന്നെയാണ് മരുഭൂമിവാസത്തിനായി ടെൻറ് ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് എട്ടുമണിയോട് കൂടി ഞങ്ങൾ അവിടെ എത്തി. ഞാൻ കരുതിയ പോലെ അല്ലെങ്കിൽ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള പോലെയുള്ള ‘മേക്ഷിഫ്റ്റ്’ ടെൻറ് ആയിരുന്നില്ല അത്. നല്ല ചുട്ട കട്ടകൊണ്ട് കെട്ടിപ്പൊക്കിയ സംവിധാനം. അത് ഒരു തരം തുണി ഉപയോഗിച്ച് മേൽക്കൂരയും ഭിത്തികളും മറച്ചിരിക്കുന്നു. നാലുവശത്തേക്കും കയർ വലിച്ചു കെട്ടിയിരിക്കുന്നു. ടെന്റിന്റെ ഡിസൈൻ എന്നാൽ റെന്റല്ല താനും. ശരിക്കും ടെൻറ് അടിച്ച് താമസിക്കാൻ ആഗ്രഹിച്ച് പോകുന്നവർ ആദ്യം തന്നെ ബന്ധപ്പട്ടവരോട് ചോദിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്തണം. അല്ലെങ്കിൽ കബളിപ്പിക്കപ്പെടും.

രാത്രി അതിഥികൾക്കായി രാജസ്ഥാനി ഡാൻസും പാട്ടും മറ്റ് കലാപരിപാടികളും ഒക്കെയുണ്ട്. അത് രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും. എന്നാൽ അന്ന് ഞങ്ങളെ കാത്തുനിന്നത് അത്ര നല്ല ഒരു വാർത്ത ആയിരുന്നില്ല. അന്നവിടെ കലാപരിപാടികൾ നടത്തേണ്ടിയിരുന്ന ഗ്രൂപ്പിലെ ഏതാനും പേര് സഞ്ചരിച്ച വാഹനം അൽപ്പം മുൻപ് ഞങ്ങൾ വന്ന അതേ വഴിയിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടിരിക്കുന്നു. അതിൻറെ ഷോക്ക് ആ പ്രദേശത്തെ ക്യാമ്പുകളെ ആകെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും എവിടെ നിന്നെല്ലാമോ വന്നതും ഇനി അങ്ങോട്ട് വരാൻ സാദ്ധ്യതയില്ലാത്തതുമായ സഞ്ചാരികൾക്കായി ആ രാത്രിയിലും വേഷം കെട്ടിയാടാൻ അവിടെ ഉണ്ടായിരുന്ന കലാകാരന്മാർ തയ്യാറായി. ആ സാഹചര്യത്തിൽ അത് കണ്ടിരിക്കാനുള്ള കരളുറപ്പ് ഇല്ലാഞ്ഞതിനാൽ അവിടെ ഇരുന്നില്ല, പോയിക്കിടന്നു.

രാവിലെ അഞ്ചുമണിക്ക് തന്നെ തയ്യാറായി മരുഭൂമിയിലെ സൂര്യോദയം കാണാൻ പുറപ്പെട്ടു. ഒട്ടകപ്പുറത്തായിരുന്നു യാത്ര. ജീൻസിട്ട് ഒട്ടകപ്പുറത്ത് കയറിപ്പറ്റാൻ അൽപ്പം ബുദ്ധിമുട്ടി. ഒട്ടകം അതിൻ്റെതായ താളത്തിൽ പതിയെ ഉള്ളിലേക്ക് നടന്നു തുടങ്ങി. വെളിച്ചം വീണുവരുന്നതേ ഉണ്ടായിരുന്നുള്ളു. ഉദയത്തിന് സമയമായപ്പോൾ ഞങ്ങൾ ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങി. നേരത്തെ പറഞ്ഞത് പോലെ മരുഭൂമിയിലെ സൂര്യോദയം എനിക്ക് ആദ്യ അനുഭവമാണ്. ഏറ്റവും ഇഷ്ടം കടലിൽ നിന്നും പൊങ്ങി വരുന്ന സൂര്യനെ തന്നെയാണ്. നമ്മളെപ്പോലെ അറബിക്കടലിൻറെ കരയിൽ താമസിക്കുന്നവർക്ക് അതൊരു കിട്ടാക്കാഴ്ച ആണെങ്കിൽ പോലും. ചെന്നൈയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഞാൻ ഈ കാഴ്ചയ്ക്കായി അതിരാവിലെ എഴുന്നേറ്റ് ഓടുമായിരുന്നു. മലയോരമോ കടലോരമോ മണലാരണ്യമോ എവിടെയുമാകട്ടെ ഉദയം കാണുന്നത് ഒരു ഉയർന്ന ആത്മീയ അനുഭവം തന്നെയാണ്.

തലേന്നത്തെ ദുരന്തത്തിൻറെ നീറ്റൽ അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ ഓരോന്നാലോചിച്ച് നിൽക്കുമ്പോൾ മനസ്സിലേക്ക് കടന്ന് വന്നത് ബുദ്ധമതക്കാരുടെ ഈ പ്രബോധനമാണ്. ‘Yesterday is a memory, tomorrow is a mystery and today is a gift, which is why it is called the present. What the caterpillar perceives is the end; to butterfly it is the beginning. Everything that has a beginning has an ending. Make your peace with that and all will be well’.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s