ഓർഡിനറി: ഒരു ആസ്വാദനക്കുറിപ്പ്

final for the post

“സരളമായ കഥകളിലൂടെ കൊച്ചുകൊച്ചു സാമ്യകൽപനകളിലൂടെ ദൈവമെന്നാൽ മഹിമയുള്ള മനുഷ്യനല്ലാതെ മറ്റാരുമല്ല എന്ന് പറഞ്ഞുതരികയാണ് ബോബിയച്ചൻ. മതാതീതമായ ഒരാത്മീയതയെ മതത്തിൻറെ പീഠത്തിൽ ഇരുന്നുകൊണ്ടുതന്നെ പ്രകാശിപ്പിക്കാനാവും എന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.” (ഓർഡിനറി എന്ന പുസ്തകത്തിൻറെ അവതാരികയിൽ ശ്രീ സുഭാഷ് ചന്ദ്രൻ)

ഇക്കാലത്തും ക്രിസ്തുവിനോടും അരികുവൽക്കരിക്കപ്പെട്ടവരോടുമൊക്കെ ചേർന്നുനിൽക്കുന്നു എന്നെനിക്ക് തോന്നിയിട്ടുള്ള അപൂർവ്വം ചില കത്തോലിക്കാ സന്യാസസമൂഹങ്ങളിൽ ഒന്നാണ് ബോബി ജോസ് കട്ടികാട് എന്ന സന്യാസി പ്രതിനിധാനം ചെയ്യുന്ന കപ്പൂച്ചിൻ സഭ. ഈ ചേർന്നുനിൽക്കൽ തന്നെയാണ് തങ്ങൾക്ക് മാർഗദീപമായ അസ്സീസിയിലെ ഫ്രാൻസിസിനോട് അവർക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതി. അവർ ഭരണങ്ങാനത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ‘അസ്സീസ്സി മാസിക’ വർഷങ്ങളായി വായിക്കാറുണ്ട്. അത് കാണപ്പെടാത്ത ദൈവത്തെക്കാളുപരി ചുറ്റുമുള്ള കാണപ്പെടുന്ന മനുഷ്യൻറെ സമസ്യകളെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നതുകൊണ്ടാണ്. മാസികയിലെ ‘ഹൃദയവയൽ’, ‘സഞ്ചാരിയുടെ ദൈവം’ തുടങ്ങിയ പംക്തികളിലൂടെയാണ് ബോബിയച്ചനെ അറിയുന്നത്. പിന്നീടെപ്പോഴോ ചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിൽ ‘ഗുരുചരണം’ എന്ന പേരിൽ ശാലോം ടീവിയിലെ ആത്മീയ പ്രഭാഷണപരമ്പരയിലും അദ്ദേഹത്തെ കണ്ടു. വളിച്ച വാട്ട്സാപ്പ് തമാശകളും കാലങ്ങളായി കേട്ടുപഴകിയ ‘ഒരാൾക്കെത്ര മണ്ണ് വേണം’ പോലുള്ള കഥകളും മാത്രം പറയുന്ന പ്രഭാഷകരുടെ ഇടയിലായാണ് കാമുവിനെയും കാഫ്‌കയെയും കസാൻദ് സാക്കീസിനെയും ടാഗോറിനെയും ഓ വി വിജയനെയും ഇങ്ങിളം തലമുറയിലെ സുഭാഷ് ചന്ദ്രനെയുമൊക്കെ ലളിതമായി അവതരിപ്പിച്ചുകൊണ്ട് ബോബിയച്ചൻ വേറിട്ടുനിൽക്കുന്നത്.

‘ഓർഡിനറി’ എന്ന മനോഹരമായ ഏതാനും കുറിപ്പുകളുടെ സമാഹാരത്തിലൂടെ സാധാരണക്കാരുമായി ഉരഞ്ഞുരഞ്ഞ് സ്ഫുടം വെക്കാത്ത നമ്മുടെ ജീവിതങ്ങൾ എത്ര ദരിദ്രമാണെന്ന് അദ്ദേഹം കാട്ടിത്തരുന്നു. ഇങ്ങനെ സാധാരണ ജീവിതങ്ങളുമായി താദാത്മ്യപ്പെടുന്നതിൽ നിന്നും നമ്മളെ തടയുന്ന ചില അലങ്കാരങ്ങളുണ്ട്. അവയെ പിന്നിലുപേക്ഷിക്കുക എത്ര പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൻറെ ജനങ്ങളുടെ ഇടയിലേക്കിറങ്ങാൻ മോശയ്ക്ക് തടസ്സമായത് കൊട്ടാരജീവിതം നൽകിയ പാദുകങ്ങളാണ്. തൻറെ ദൗത്യനിർവഹണത്തിന് ആഴമില്ലാത്ത ആ സുഖജീവിതത്തിൽ നിന്നും അയാൾക്ക് പുറത്തു കടക്കേണ്ടിയിരുന്നു. ഗാന്ധിക്ക് മേൽക്കുപ്പായമാണ് ഒഴിവാക്കേണ്ടിയിരുന്നത്. മദർ തെരേസയ്ക്ക് അത് പരമ്പരാഗത സഭാവസ്‌ത്രമായിരുന്നു. രാമകൃഷ്ണ പരമഹംസന് പൂണൂലും. പാദുകങ്ങളുപേക്ഷിച്ച് പച്ചമണ്ണിൽ ചവിട്ടി നടക്കുന്നവനാണ് ഗ്രന്ഥകർത്താവും. അത് ഒരു പക്ഷെ മേൽപ്പറഞ്ഞതു പോലെ ചില അലങ്കാരങ്ങളെ ഉപേക്ഷിക്കുന്നതിൻറെ പ്രതീകമാവാം. അല്ലെങ്കിൽ വ്യവസ്ഥയോടുള്ള മറുതലിക്കലാവാം. അങ്ങനെ കരുതാനാണെനിക്കിഷ്ടം. കാരണം കഴുതപ്പുറത്തെഴുന്നെള്ളിയ രാജാവിൻറെ പിൻഗാമികൾ അധികാരത്തിൻറെ കിരീടങ്ങളും അംശവടികളും പേറി തിരുമേനി, അരമന തുടങ്ങിയ അരിസ്റ്റോക്രറ്റിക് പദാവലികൾക്കുള്ളിൽ വിളങ്ങി ഭൂമിയിൽ നിന്നൽപ്പം ഉയർന്നുനിൽക്കുമ്പോൾ തൻറെ നഗ്നപാദങ്ങൾ ഭൂമിയിലാഴ്ത്തി നിൽക്കുന്ന ഈ സന്യാസിയെപ്പോലെയുള്ളവരാണ് മുന്നോട്ടുള്ള കാലത്തിൻറെ ഏറ്റവും വലിയ പ്രത്യാശ.

മതപരമായ അടയാളങ്ങളും ആചാരങ്ങളുമില്ലാതെ മതജീവിതത്തിൻറെ ഈർപ്പം നിലനിർത്താനാകുമ്പോഴാണ് യഥാർഥ ആത്മീയത ബലപ്പെടുന്നതെന്ന് അദ്ദേഹം തൻറെ കുറിപ്പുകളിലൂടെ സമർത്ഥിക്കുന്നു. കാലാകാലങ്ങളായി കൊട്ടിയടച്ച എല്ലാ വാതിലുകളും തുറന്നിട്ട് കുറേക്കൂടി കാറ്റും വെളിച്ചവും സാധ്യമായ വിശാലതയുടെ സുവിശേഷം എല്ലാ മതങ്ങളും പ്രസംഗിക്കേണ്ടതുണ്ട്. ഇതരവിശ്വാസങ്ങളിലെ നന്മകളെ ഏറ്റുപറയാനുള്ള ധൈര്യവും നാമോരോരുത്തരും ആർജ്ജിക്കേണ്ടതുണ്ട്. ഇങ്ങനെ മതാതീതമായ ആത്മീയതയ്ക്ക് ഊന്നൽ നൽകുന്ന ഒരാൾ എന്തുകൊണ്ട് സുവിശേഷ പ്രഘോഷണത്തിനു പോകുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്. അത് യേശുവിനെ പരിചയപ്പെടുത്താനാണ്. കാരണം ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ട് അയാളെക്കുറിച്ച് അറിയാതെ പോയാൽ നമ്മുടെ ജീവിതങ്ങൾ ദരിദ്രമായിപ്പോവും. അതുതന്നെയാണ് ബോബിയച്ചനെക്കുറിച്ച് എനിക്കും പറയാനുള്ളത്. ഇങ്ങനെയൊരാൾ ജാതിയുടെയും മതത്തിൻറെയും ദേശത്തിൻറെയും ഭാഷയുടേയുമൊക്കെ അതിർവരമ്പുകളെ കടന്നുപോകുന്ന സ്‌നേഹത്തിന്റെ ഭാഷ നല്ല തെളിമയോടെയും ഒഴുക്കോടെയും സംസാരിക്കുമ്പോൾ കേൾക്കാതിരുന്നാൽ നമ്മൾ കൂടുതൽ ദരിദ്രരായിപ്പോവില്ലേ?

Advertisements

മരണത്തിൻറെ ആയിരം മുഖങ്ങൾ

20170213_092540

if you know not how to die, do not trouble yourself. nature will be in a moment – fully and sufficiently instruct you. She will do it precisely write for you; do not worry about it.
-Michael de Montaigne
സയൻസ് വിഷയങ്ങൾ, കൂടെ കണക്കും, നമ്മക്ക് ബാലികേറാമലയാണെന്ന് ഹൈസ്കൂളിൽ വച്ചു തന്നെ തിരിച്ചറിഞ്ഞതാണ്. ചെറിയ ഒരാശ്വാസം ‘ബയോളജി’ മാത്രമായിരുന്നു. അതുകൊണ്ട് പത്താംക്ലാസ് കടന്നതോടെ അമ്മാതിരി വിഷയങ്ങളുമായുള്ള ബന്ധം ഞാൻ മംഗളം പാടി അവസാനിപ്പിച്ചതാണ്. പിന്നീടങ്ങോട്ട് ആർട്സ്കാരോട് സയൻസുകാർക്കും കൊമേഴ്സുകാർക്കും ഉള്ള പുച്ഛം നന്നായി കണ്ടനുഭവിച്ചാണ് പഠിച്ചത്. ഇവന്മാരോടൊക്കെയുള്ള കലിപ്പ് കാരണം ഞാൻ ഒരു sci-fi സിനിമ പോലും കാണാറില്ലായിരുന്നു. അങ്ങനെയുള്ള എന്നെ ശാസ്ത്രത്തിൻറെ പാതയിലേക്ക് കൈപിടിച്ച് തിരിച്ചുകൊണ്ടുവന്നത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ജീവൻ ജോബ് തോമസിൻറെ കോളങ്ങളാണ്. സത്യത്തിൽ നമ്മളെപ്പോലെയുള്ള ആർട്സ്കാർക്കും ഇതൊക്കെ മനസ്സിലാകും എന്നു തെളിയിച്ചത് പുള്ളിയാണ്. പുള്ളി പുലിയാണ്. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ പുസ്തകമായ ‘മരണത്തിൻറെ ആയിരം മുഖങ്ങൾ’ വായിച്ചു. ഇഷ്ടപ്പെട്ടു. മനുഷ്യൻറെ അവസാനിക്കാത്ത മരണഭയങ്ങളുടെ പുസ്തകം. ഇതിലെ കുറിപ്പുകൾ ഭൗതികശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും പുറത്ത് നരവംശശാസ്ത്രവും മനഃശാസ്ത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും ചരിത്രവുമെല്ലാം ഉൾക്കൊള്ളുന്നതാണ്.
മരണത്തേക്കാൾ വലിയ ഭയമാണ് ഒറ്റപ്പെട്ടു പോകുന്നതിനെക്കുറിച്ച് മനുഷ്യനുള്ള ഭയം എന്ന തിരിച്ചറിവ് ആത്മഹത്യയെക്കുറിച്ചുള്ള കുറിപ്പുകൾ നൽകുന്നു. മരണത്തേക്കാൾ രൂക്ഷമത്രേ ഏകാന്തത. അതുപോലെ ലൈംഗികതയ്ക്കുള്ള ശിക്ഷയായി മരണത്തെ വ്യാഖാനിച്ചിരുന്നതിനെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. കൂടാതെ കോശജീവിതത്തിലെ അച്ചടക്കരാഹിത്യം എങ്ങനെ കാൻസറിലേക്ക് നയിക്കുന്നു,ഡിസൈനർ കുഞ്ഞുങ്ങൾ, ജനിതക എഞ്ചിനീയറിംഗ്, മനുഷ്യജീവിയെ എഡിറ്റ് ചെയ്യാനുള്ള മാര്ഗങ്ങള്, സെലെക്ടിവ് ബ്രീഡിങ്, അഥവാ കഴിവ് കുറഞ്ഞ മനുഷ്യരെ ഉന്മൂലനം ചെയ്യൽ, ഫാസിസത്തിൻറെ വേരുകൾ, ഭയത്തിന്റെയും അറപ്പിന്റെയും രാഷ്‌ട്രീയം, യൂജനിക്സ്,  നമ്മുടെ ഫോബിയകൾ,  യുദ്ധവും സമാധാനവും, ഭൂമിയിൽ നിന്നും രക്ഷപെടൽ തുടങ്ങി ജീവിതത്തെയും അതിജീവനത്തെയും മരണത്തെയും മരണഭയത്തെയും സംബന്ധിച്ച് ധാരാളം വിഷയങ്ങൾ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
ജീവിക്കുവാൻ വേണ്ടി മരിക്കാൻ വരെ തയ്യാറായി ഓടുന്നതിനിടയിൽ സമയമുണ്ടെങ്കിൽ വായിക്കാം 🙂

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ – ആസ്വാദനക്കുറിപ്പ്

munthiri-1

“പ്രണയം നിങ്ങളെ നെൽച്ചെടിയെ പിഴുതെടുക്കുന്നതു പോലെ നിങ്ങളുടെ മണ്ണിൽ നിന്നും പിഴുതെടുക്കും, നെല്ലുകുത്തി അരിയാക്കി വെയിലത്തുണക്കി പൊടിച്ച് അരച്ച് ദൈവത്തിൻറെ വിശുദ്ധബലിക്കുള്ള അപ്പമാക്കും”
ഖലീൽ ജിബ്രാൻ
‘പുറപ്പാടിൻറെ പുസ്തകം’ എന്ന നോവൽ വായിച്ച ശേഷം വി ജെ ജെയിംസിൻറെ രചനകളൊന്നും തന്നെ ഒഴിവാക്കിയിട്ടില്ല. ‘പ്രണയോപനിഷത്ത്’ എന്ന കഥ പല തവണ വായിച്ചിട്ടുണ്ട്, മറ്റൊന്നും കൊണ്ടല്ല, കൊണ്ടാടപ്പെടുന്ന പ്രണയങ്ങളെല്ലാം വിവാഹേതരവും വിവാഹപൂർവ്വവും ഒക്കെ ആകുമ്പോൾ ‘പ്രണയിക്കാൻ സ്വന്തം ഭാര്യയാണെങ്കിലും മതി’ എന്ന് കഥാകാരൻ അവതരിപ്പിച്ച കാഴ്ച്ചപ്പാട് പുതുമയുള്ളതായി തോന്നിയിരുന്നു. ഈയൊരാശയം മാത്രമാണ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ബാക്കിയെല്ലാം തിരക്കഥാകൃത്തിൻറെ ഭാവനാവിലാസങ്ങളാണ്. വി ജെ ജെയിംസിൻറെ കഥയെ അതേപടി സിനിമയാക്കിയാൽ അതു ചിലപ്പോൾ A കാറ്റഗറിയിൽ വരും. കാരണം കഥയിൽ മക്കളെ രണ്ടുപേരെയും തറവാട്ടിലേക്ക് പറഞ്ഞു വിട്ടശേഷം വീടിനെ എല്ലാ അർത്ഥത്തിലും പറുദീസയാക്കുകയാണ് കഥാനായകനും നായികയും.
‘Familiarity breeds contempt’ എന്നു സായിപ്പ് പറയുന്നതു പോലെ, വിവാഹത്തിനു ശേഷം ആദ്യനാളുകളിൽ ഉണ്ടായിരുന്ന കാൽപ്പനിക പ്രണയത്തിൻറെയും ശാരീരികമായ ആകർഷണങ്ങളുടെയും അംശങ്ങളൊക്കെ നഷ്ടപ്പെട്ട് തികച്ചും monotonous  ആയ ജീവിതാവസ്ഥയിൽ എത്തിയവരാണ് ഉലഹന്നാനും ആനിയമ്മയും. കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിപ്പോയതിനാലും മക്കളെ വളർത്തേണ്ടതു കൊണ്ടും അവർ അങ്ങനെ തുടർന്നു പോകുന്നു. അവരവരുടെ ആനന്ദം ഉലഹന്നാൻ മദ്യപാനത്തിലും ആനിയമ്മ കണ്ണീർ സീരിയലുകളിലും കണ്ടെത്തുന്നു. ഇവിടെ നിന്നും തങ്ങളിൽ തന്നെ പുതുമ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളാണ് ഈ സിനിമയുടെ പ്രധാന പ്രതിപാദ്യം. പ്രണയത്തോളം തീവ്രമായ വികാരങ്ങളൊന്നും ഭൂമിയിലില്ലെന്നും, ജിബ്രാൻ പറയുന്നതു പോലെ അത് അനുദിനം നവീകരിക്കപ്പെട്ട് വിശുദ്ധീകരിക്കപ്പെടേണ്ട ഒന്നാണെന്നും അവർ തിരിച്ചറിയുന്നു.
മോഹൻലാൽ എന്ന നടൻ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. അങ്ങേർക്കു വേണ്ടി ഈ സിനിമ തീർച്ചയായും കാണണം. അടുത്ത കാലത്തായി അദ്ദേഹം ‘age-appropriate’ ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നു. അത് നല്ല ഒരു കാര്യമാണ്. മരംചുറ്റി പ്രണയങ്ങൾ ഒന്നും ഇപ്പോൾ കാണുന്നില്ല. നടൻ ജോയ് മാത്യുവിനെ ലാലിൻറെ സഹപാഠിയായി അവതരിപ്പിച്ചതും വളരെ ബോൾഡ് ആയ ഒരു നീക്കമായിരുന്നു. ഇത് വെറുതെ ഒരു ആസ്വാദനക്കുറിപ്പാണ്. സിനിമയെ ഇഴ കീറി പരിശോധിക്കാനൊന്നും മുതിരുന്നില്ല. പോരായ്മകൾ തീർച്ചയായും ഉണ്ട്. നന്നായി എഡിറ്റ് ചെയ്ത് ഒരു രണ്ടുമണിക്കൂറിൽ ഒതുക്കാമായിരുന്നു. ചില ഇടങ്ങളിളെല്ലാം ഇഴച്ചിലും നാടകീയതയും അനുഭവപ്പെട്ടു. പിന്നെ വിവാഹത്തിനകത്തെ പ്രണയമാണ് ഏറ്റവും ഉദാത്തമെന്നും അതു മാത്രമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും മുന്തിരിവള്ളികൾ വാശിപിടിക്കുന്നത് പോലെ തോന്നി. വിവാഹം രജിസ്റ്റർ ചെയ്യാൻ തൻറെ മുന്നിൽ വരുന്ന പെൺകുട്ടിയെയും ഒരു പ്രണയത്തിൽ പെട്ടുപോകുന്ന സ്വന്തം മകളെയും ഉലഹന്നാൻ കൈകാര്യം ചെയ്ത രീതി ഇതിനുദാഹരണമാണ്. ആ കാഴ്ച്ചപ്പാട് ശരിയാണോ എന്തോ?

അകലെ

15697734_1370220772996152_6270205522286406555_n

There is nothing eternal on this earth….

But, there is Love…..
Compassion……
And Life……
That is enough, that is enough for me….

(‘Akale’, a 2004 Malayalam movie directed by Shyamaprasad, is an adaptation of the American Classic play ‘The Glass Menagerie’ by Tennessee Williams)

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടെന്നസി വില്യംസിൻറെ ‘ദി ഗ്ലാസ് മിനാജെറി’ എന്ന നാടകത്തെ ആസ്പദമാക്കി ശ്യാമപ്രസാദ് എഴുതി സംവിധാനം ചെയ്ത് രണ്ടായിരത്തിനാലിൽ പുറത്തിറങ്ങിയ ചിത്രമാണ് അകലെ. ഷീല, പ്രിഥ്വിരാജ്, ഗീതു മോഹൻദാസ് എന്നിവർ അവിസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചിരിക്കുന്നത്.
പ്രിഥ്വിക്ക് തൻറെ കരിയറിൻറെ തുടക്കത്തിൽ ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അകലെയിലെ നീൽ. പിൽക്കാലത്ത് ദുൽഖർ സൽമാൻ ധാരാളം സിനിമകളിൽ ചെയ്തതുപോലെ അസ്തിത്വവ്യഥയുള്ള ഒരു കഥാപാത്രം. യാത്ര ചെയ്യാനും എഴുതാനുമെല്ലാം ആഗ്രഹിച്ച എന്നാൽ ഒരു പാർസൽ കമ്പനിയിലെ കണക്കെഴുത്തുകാരനായി ഒതുങ്ങിപ്പോകുന്നയാൾ. ‘ഞാനലോചിക്കാറുണ്ട് എത്ര ഷോർട്ടാണ് ഈ ജീവിതമെന്ന്. എന്നിട്ടും ഞാനെന്താ ഇവിടെ ഇങ്ങനെ ഒന്നിനുമാവാതെ. ഞാനയക്കുന്ന പാർസലുകൾക്ക് പോലുമുണ്ട് ഒരു യാത്രയും ലക്ഷ്യവും എനിക്കോ’. എന്നൊക്കെ ചിന്തിച്ച് നൊമ്പരപ്പെടുന്നുണ്ട് അയാൾ. പിന്നീട് നാടുവിട്ടു പോയി എഴുത്തുകാരനായി ഗ്ലാസ് ജീവികളുടെ ലോകത്ത് ഒതുങ്ങിപ്പോയ അന്തർമുഖിയായ തൻറെ പെങ്ങൾ റോസിൻറെ കഥയെഴുതാനായി നാട്ടിലേക്ക് തിരികെ വരുന്ന നീലിൻറെ ഓർമ്മകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
ദുർബലവും അസ്ഥിരവുമായ മനുഷ്യബന്ധങ്ങളുടെയും അവ തീർക്കുന്ന കെട്ടുപാടുകളിൽ കുടുങ്ങിപ്പോകുന്ന ജീവിതങ്ങളുടേയും കഥ പറഞ്ഞ അകലെ രണ്ടായിരത്തിനാലിൽ നിരവധി ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വളരെ ശ്രദ്ധിക്കപ്പെട്ടു, പ്രത്യേകിച്ച് ‘അകലെ അകലെ’, ‘ജനുവരിയിൽ വിരിയുമോ’ എന്നിവ.
ഈ സിനിമ ഇറങ്ങിയ കാലത്ത് ഒരു യാത്രയ്ക്കിടയിൽ എറണാകുളം സവിതയിൽ രാവിലെ ഒരു ഷോ ഉണ്ടെന്ന് കേട്ടറിഞ്ഞ് ഓടിച്ചെന്നെങ്കിലും അപ്പോഴേക്കും അത് മാറിപ്പോയിരുന്നു. പിന്നീട് എപ്പോഴോ കണ്ടു, കയ്യിലുണ്ട്, ഇപ്പോഴും ഇടയ്‍ക്കൊക്കെ കാണാറുണ്ട്. ചിത്രം അവസാനിക്കുമ്പോൾ പ്രിഥ്വിയുടെ കഥാപാത്രം പറയുന്നുണ്ട്, ‘അനശ്വരമായിട്ട് ഒന്നുമില്ല റോസ് ഈ ഭൂമിയിൽ. പക്ഷെ സ്നേഹമുണ്ട്, ആർദ്രതയുണ്ട്, ജീവിതമുണ്ട്. അത് മതി, എനിക്ക് അത് മാത്രം മതി’. അകലെ ബാക്കിവയ്ക്കുന്ന ചിന്തയും ഇത് തന്നെയാണ്.

മോഷണം

‘സഖാവി’ന്റെ പിതൃത്വത്തെ അല്ലെങ്കിൽ മാതൃത്വത്തെ ചൊല്ലി അടിപിടി നടക്കുന്ന സമയമാണല്ലോ. സ്വന്തമായി അത്യാവശ്യം രസമുള്ള ഒരു സാഹിത്യചോരണ കഥയുണ്ട്. അത് പറയാം. പത്തുപതിനഞ്ചുകൊല്ലം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1998ൽ, സഖാക്കന്മാർ തേങ്ങ പിരിച്ചുണ്ടാക്കിയ മൊകേരി ഗവ: കോളേജിൽ ഞാൻ ഒന്നാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം. ഒരു വർഷം മാത്രമേ അവിടെ പഠിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. ഇപ്പോൾ ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ലോക്സഭയിലുള്ള സർ. റിച്ചാർഡ് ഹേ വകുപ്പ് മേധാവിയായും നമ്മുടെ സ്വന്തക്കാരനായ സെബാസ്റ്റ്യൻ കാലാ ഇംഗ്ലീഷ് വിഭാഗത്തിലും ഒക്കെ ഉണ്ടായിരുന്ന കാലം. കോളേജിലുള്ള സമയത്തു് ഗ്രൗണ്ടിലും പിന്നെ ലൈബ്രറിയിലും കൂടുതൽ സമയവും ചുറ്റുമുള്ള സിനിമാടാക്കീസ്സുകളിലുമായി അങ്ങനെ ജീവിച്ചുപോവുകയായിരുന്നു പാവം ഞാൻ.

അക്കാലത്താണ് സഹപാഠിയായ കോതോടുകാരൻ രാജേഷിന് ഒരു കയ്യെഴുത്ത് മാസിക അങ്ങ് ഇറക്കികളയാം എന്ന ചിന്ത ശക്തമാകുന്നത്. മാർക്കേസിന്റെയും മറ്റും തടിച്ച പുസ്തകങ്ങൾ കക്ഷത്തിൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ടുള്ളതിനാൽ ഞാൻ ഒരു ബുദ്ധിജീവിയും കവിതയെഴുതാൻ പ്രാപ്തിയുള്ളവനുമാണെന്ന് അവൻ തെറ്റിദ്ധരിച്ചു, കയ്യെഴുത്ത് മാസികയിലേക്ക് ഒരു കവിത സംഭാവന ചെയ്യാൻ എന്നോട് താഴ്മയായി അപേക്ഷിച്ചു. അവൻ എന്നിലർപ്പിച്ച ആ പ്രതീക്ഷ തകർത്തു തരിപ്പണമാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്തു് മൂന്ന് പേര് മാത്രം പങ്കെടുത്തിരുന്ന കവിതാരചനാ മത്സരങ്ങളിൽ പങ്കെടുത്ത് തേർഡ് പ്രൈസ് വാങ്ങിയ അനുഭവങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഏതായാലും എന്നിലെ കവി ഉണർന്നു, എന്നിട്ട് നേരെ ലൈബ്രറിയിലേക്ക് വച്ചുപിടിച്ചു. അവിടെ നിന്നും പഴയ ഒരു മാതൃഭൂമി ആഴ്ച്ചപതിപ്പ് പൊടി തട്ടിയെടുത്തു. അതിന്റെ ‘കോളേജ് മാഗസിൻ’ സെക്ഷനിൽ നിന്നും കൊള്ളാവുന്ന ഒരു കവിത തിരഞ്ഞെടുത്തെഴുതി, അതിന് കുറച്ചുകൂടി ഉചിതമെന്ന് എനിക്ക് തോന്നിയ ഒരു തലക്കെട്ടും കൊടുത്തു. കവിത കിട്ടിയപ്പോൾ രാജേഷ് കൃതാർത്ഥനായി, അവൻ എന്നിലർപ്പിച്ച പ്രതീക്ഷ കാത്തുസൂക്ഷിക്കാനായതിന്റെ ചാരിതാർഥ്യം എനിക്കും. ഒരു നിമിഷം അവന്റെ തോളിൽ കൈവച് അവനെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ എങ്ങോട്ടോ നടന്നുപോയി.

പിന്നീടെപ്പോഴോ കോളേജിൽ ചെന്നപ്പോൾ ക്ലാസ്സ്റൂമിന്റെ മുൻപിൽ ഒഞ്ചിയംകാരിയും ഒപ്പം വിപ്ലവകാരിയുമായ ഒരു കൂട്ടുകാരി എന്നെ തടഞ്ഞു. ഞാൻ ചോദിച്ചു, ‘എന്താ ഹേ?’. അവൾ പ്രതിവചിച്ചു, ‘കവിത മോഷ്ടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ ഹേ?’ നടൻ ഇന്നസ്സെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഇളിഞ്ഞുപോയി. ഒരു നിമിഷം എല്ലാം കൂടി ഇടിഞ്ഞുതലയിൽ വീണാരുന്നെങ്കിൽ എന്നും തോന്നിപ്പോയി. പിന്നെ രാജേഷിനെകൂടി താങ്ങാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ ഒരു നിമിഷം അവളെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ വീണ്ടും എങ്ങോട്ടോ നടന്നുപോയി. അത് നേരെ വീട്ടിലേക്കായിരുന്നു.

പിന്നീട് റ്റീസി വാങ്ങാനായി പോയപ്പോൾ ‘നോ ഡ്യൂ’ സെർട്ടിഫിക്കറ്റിനായി ലൈബ്രറിയിൽ പോകേണ്ടിവന്നു. അതാ മേശപ്പുറത് ആ കയ്യെഴുത്ത് മാസിക. പരിചയമുള്ള ആരും അടുത്തില്ല എന്നുറപ്പ് വരുത്തി ഞാൻ തിടുക്കത്തിൽ അതിന്റെ താളുകൾ മറിച്ചുനോക്കി. ‘എന്റെ’ കവിത കിടന്ന പേജിനു മുകളിൽ രാജേഷാവാം വേറൊരു പേജ് ഒട്ടിച്ചുചേർത്തിരിക്കുന്നു. അതിൽ മറ്റൊരു കവിത, അതിന്റെ ടൈറ്റിൽ ‘മോഷണം’ എന്നായിരുന്നു.

Maheshinte Prathikaram

മഹേഷിനെയും പുള്ളിക്കാരന്റെ പ്രതികാരത്തെയും പറ്റി ഒത്തിരി എഴുതപ്പെട്ടുകഴിഞ്ഞു. ഇനി അതിന് മുതിരുന്നില്ല. പക്ഷെ മഹേഷിന്റെ അപ്പച്ചനെക്കുറിച്ചു പറയാതിരിക്കാൻ വയ്യ. സിനിമ പൊതുവെ നഗരകേന്ദ്രീകൃതമായ ഇക്കാലത്ത് വിസ്മരിക്കപ്പെട്ടുപോയ ഒരു വർഗമാണ് നാട്ടുമ്പുറത്കാരായ അപ്പനമ്മമാർ. എന്തുതന്നെയായാലും വളരെക്കാലം കൂടി ഒരു അപ്പൻ കഥാപാത്രം മനസ്സിൽ തങ്ങുകയാണ്. ഒത്തിരി സീനുകൾ ഇല്ല, സംഭാഷണങ്ങൾ ഇല്ല. However, his presence on the screen was so graceful! മഹേഷും അപ്പച്ചനും വീടിന്റെ വരാന്തയിൽ മഴ പെയ്തുതോരാൻ കാത്തിരിക്കുന്ന നിശബ്ദതയുടെ നിമിഷങ്ങൾ എത്ര മനോഹരം. നമുക്കൊക്കെ ഓർമിച്ചെടുക്കാൻ ഇതുപോലുള്ള ധാരാളം നിമിഷങ്ങളില്ലേ?maheshinte-prathikaram-movie-stills-posters-5jpg.jpg

പൂനാരങ്ങ: ഒരു ആസ്വാദനക്കുറിപ്പ്

പൂനാരങ്ങ, ആസുരമായ ഈ കാലത്തും മനുഷ്യനിലുള്ള പ്രത്യാശയിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഒരു കൂട്ടം ഓർമ്മക്കുറിപ്പുകൾ‍.  നന്ദി, ശ്രീ.  ജോയ് മാത്യു!

ഈ കുറിപ്പുകൾ ഉടനീളം സൗഹൃദങ്ങളുടെ ആഘോഷമാണ്: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളെ കടന്നുപോകുന്ന സൗഹൃദങ്ങളുടെ.  സാന്ദ്രയുടെയും സുഹൃത്തുക്കളുടെയും സ്കോട്ടെദ് ഇടങ്ങൾ, അന്തിക്കാട്ടെ പപ്പുന്നിയാശാന്റെ വാടക കൊടുക്കാൻ പാടില്ലാത്ത മുറി, പോകുന്ന വഴികളിൽ എല്ലാം ഉള്ള സ്നേഹസമൃദ്ദമായ അത്താണികൾ, അട്ടിപ്പേരുകൾ എല്ലാം എന്നെ വയനാട്ടിലെ കോളേജ്കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനന്തവാടിയിലും തിരുനെല്ലിയിലും പുൽപ്പള്ളിയിലും കൊട്ടിയൂരിലും എല്ലാം ഞങ്ങൾക്കും ഉണ്ടായിരുന്നു ചില സ്നേഹവീടുകൾ. കൊച്ചുകൂരകളിൽ വലിയ ഹൃദയങ്ങൾ ഉള്ള മനുഷ്യർ താമസിച്ചിരുന്ന, ഏത് പാതിരാത്രിയിലും കയറിച്ചെന്ന് ഉള്ള കഞ്ഞീം കുടിച്ച് അറിയാവുന്ന വിപ്ലവവും പറഞ്ഞു കിടന്നുറങ്ങാൻ സാധിച്ചിരുന്ന  കരുതലിന്റെ ഇടങ്ങൾ.

ശ്രീ. ജോയ് മാത്യു എഴുതിയിരിക്കുന്ന പോലെ ഒരു പോക്കറ്റിൽ ഉള്ള പ്രത്യാശ ഞങ്ങളെ ഒത്തിരി പേരെ നയിച്ച സമയങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും കൊച്ചി കാണാൻ ഒന്നര രൂപയുമായി ഞങ്ങളുടെ കൂടെ ഇറങ്ങിപുറപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അമ്പതു പൈസ പോക്കറ്റിൽ ബാക്കിവന്ന ഒരു കൂട്ടുകാരൻ ഇത്തരം പ്രത്യാശയുടെ ഉത്തമ ഉദാഹരണമായിരുന്നു.

പുനത്തിലിന്റെ സ്മാരകശിലകളെ കുറിച്ചുള്ള കുറിപ്പും  മനോഹരമാണ്.  അയലത്തെ വീടുകളിൽ നിന്നും അമ്മ സംഘടിപ്പിച്ചു കൊണ്ടുവന്നിരുന്ന കോട്ടയം ആഴ്ചപ്പതിപ്പുകൾ വായിച്ച് തുടങ്ങിയ ഞാനും അമ്മയും ആദ്യമായി ഒരുമിച്ചു വായിച്ച നോവൽ ആണത്. അമ്മ പിന്നീട് വളരെക്കാലം ഒരു പൂക്കുഞ്ഞീബി ആരാധിക ആയിരുന്നു. പുനത്തിലിന്റെ ചില കുന്നായ്മകൾ ആണ് പൂനാരങ്ങയിലെ കുറിപ്പിനാധാരം എങ്കിലും അത് എഴുതിക്കഴിയുമ്പോൾ എഴുത്തുകാരനും വായിച്ച് കഴിയുമ്പോൾ വായനക്കാരനും പുനത്തിലിനോടുള്ള സ്നേഹം കൂടുകയാണ്. അദ്ദേഹം പറയുന്ന ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ‘പനമരം കഥ’ പോലുള്ള കഥകൾ ആണ് ഏത് പ്രതിസന്ധികളിലും ‘നാളെ എല്ലാം ശരിയാകും’ എന്ന വിശ്വാസത്തിൽ നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ദൈവികപരിപാലനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ പോലും സമ്പത്ത് കൂട്ടി വച്ച് അതിന്റെ മുകളില അടയിരിക്കുന്ന ഈ കാലത്ത് തനിക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ തനിക്കുള്ളതല്ലെന്നും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന വാഹകൻ മാത്രമാണ് താനെന്നും ഒരു സൂഫി ലൈനിൽ ചിന്തിക്കുന്ന ഇബ്രായി,  നോ എന്ന് പറയാൻ പഠിപ്പിച്ച എംടി,  മദ്യത്തെ ആണോ സിനിമയെ ആണോ കൂടുതൽ സ്നേഹിച്ചിരുന്നത് എന്ന സംശയം അവശേഷിപ്പിച്ച് കടന്നു പോയ ജോൺ,  ജീവിതത്തെ നിരന്തരം മൊയന്താക്കിയിരുന്ന ജയചന്ദ്രൻ, സിനിമയിൽ കത്തിനിൽക്കുന്ന കാലത്തും പ്രതിഫലം പോലും വാങ്ങാതെ നാടകം എന്ന ഭ്രാന്തിലേക്ക് ഏതുസമയത്തും എടുത്തുചാടിയിരുന്ന പ്രിയനടൻ മുരളി, മരുഭൂമിയിൽ വച്ച് കയ്യിൽ ഇളംമഞ്ഞ നിറമുള്ള പൂനാരങ്ങ വച്ച് കൊടുത്ത സോഹരാബ് അങ്ങനെ പലരും ഈ പൂനാരങ്ങയിലെ മധുരമുള്ള അല്ലികൾ ആകുന്നുണ്ട്.

ശ്രീ ജോയ് മാത്യു, ആമേൻ എന്ന സിനിമ കണ്ടപ്പോൾ നിങ്ങൾ ഇത്രയും കാലം എവിടായിരുന്നു എന്ന് സത്യമായും ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരു പതിറ്റാണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നാലും കിട്ടുമായിരുന്നതിന്റെ ഉപരി അനുഭവങ്ങളും കാഴ്ചപ്പാടുകളും നിങ്ങൾ കണ്ട ജീവിതങ്ങളിൽ നിന്നും കെട്ടിയാടിയ ജീവിതവേഷങ്ങളിൽ നിന്നും നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

ഈ ഓർമ്മകൾ അടയാളപ്പെടുത്തപെടെണ്ടത് തന്നെയാണ്. നിങ്ങളുടെ തലമുറയുടെ സർഗാത്മക ജീവിതത്തെ കുറിച്ച് വായിക്കുമ്പോൾ ആണ് ചിലപ്പോഴൊക്കെ ജനിക്കാൻ അല്പ്പം വൈകിപ്പോയെന്ന് ഞങ്ങൾക്ക് തോന്നുന്നത്.

അംസ്റ്റെർദം ബലൂൺ കമ്പനിയിലെ ലിയോ വന്ദർസാം പറയുന്നത്‌ പോലെ ‘മനുഷ്യനിലുള്ള പ്രത്യാശ’ എന്ന രാഷ്ട്രീയത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതാണ് പൂനാരങ്ങയിലെ ഓരോ ഏടും.

20160217_152825